Friday, 30 May 2014

സാമ്പത്തിക മൗലികവാദികളല്ലെന്ന് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: തങ്ങള്‍ സാമ്പത്തിക മൗലികവാദികളല്ലെന്ന് ആര്‍എസ്എസ് നേതാവ് റാം മാധവ്്. വിദേശ നിക്ഷേപ നിയമങ്ങള്‍ ഉദാരമാക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ പകരുന്നതാണ് ആര്‍എസ്എസിന്റെ വാക്കുകള്‍.
രാജ്യത്തിന് ഗുണകരമാകുന്ന സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന കാഴ്ചപ്പാടാണ് ആര്‍.എസ്.എസിനുള്ളതെന്ന് റാം മാധവ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് ആര്‍.എസ്.എസിന്റെ നിലപാടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെപോലെ സര്‍ക്കാരിന്റെ കാര്യങ്ങൡ ഇടപെടില്ല. വിദേശ നിക്ഷേപം വേണോ, എതെല്ലാം മേഖലയില്‍ വേണം എന്നൊക്കെ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.

സ്വദേശി ജാഗരണ്‍ മഞ്ച്് പോലുള്ള സംഘടനകള്‍ അവരുടെ കാഴ്ചപ്പാടുകള്‍ സര്‍ക്കാരിനെ അറിയിക്കും. പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനെയും റാം മാധവ് പിന്തുണച്ചു. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍, വാജ്‌പേയി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച സ്വദേശി ജാഗരണ്‍ മഞ്ച് പോലെയുള്ള സംഘടനകളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാരും ശ്രദ്ധിക്കും.

No comments:

Post a Comment