Friday, 30 May 2014

പ്രതിരോധത്തിലും റെയില്‍വേയിലും വിദേശ നിക്ഷേപം, 80,000 കോടിയുടെ പദ്ധതിക്ക് ഉടന്‍ പരിസ്ഥിതി അനുമതി



ദില്ലി: പരിസ്ഥിതി അനുമതിക്കായി കെട്ടികിടക്കുന്ന 80,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് രണ്ട് ദിവസത്തിനകം അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിരോധ മേഖലയിലും റെയില്‍വേയിലും അടക്കം തന്ത്രപ്രധാനമായ പല മേഖലകളിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമായ സൂചന നല്‍കി കഴിഞ്ഞു.

പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി കഴിഞ്ഞു. ഭാവിയില്‍ ഖനന മേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ വകുപ്പിന്റെ ചുതമല കൂടിയുള്ള അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു. റെയില്‍വേയുടെ വിവിധ പദ്ധതികളിലും വിദേശ നിക്ഷേപം 100 ശതമാനമാക്കുമെന്നും സൂചനയുണ്ട്.
പ്രതിരോധ മേഖലയില്‍ നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. ഇത് 100 ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം. പ്രതിരോധ മേഖലയ്ക്കു പുറമേ റെയില്‍വേയിലും കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചന. വിവിധ മേഖലകളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ മാറ്റിവെച്ച പദ്ധതിയാണിത്.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചാല്‍ പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ചുങ്കം കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ നിര്‍മാണ മേഖലയില്‍ കൂടുതല്‍ ജോലി സാധ്യതകള്‍ മുന്നോട്ടു വെക്കും. 2010 ല്‍ ഇന്റസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവുമധികം പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
പ്രതിവര്‍ഷം 8 ബില്ല്യണ്‍ ഡോളറിന്റെ യുദ്ധ സാമഗ്രികളാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. പ്രതിരോധ മേഖലയില്‍ യുദ്ധ സാമഗ്രികള്‍ വാങ്ങികൂട്ടുന്നതിനുള്ള തുകയില്‍ പ്രതിവര്‍ഷം 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷപം അനുവദിക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാറാം വ്യക്തമാക്കിയിരുന്നു.
മന്ത്രിമാര്‍ പഴയ ശൈലിമാറ്റി പുതിയ രീതികള്‍ അവലംബിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം നല്‍കിയിട്ടുണ്ട്. നിലവിലെ പദ്ധതികളുടെ പേര് മാറ്റി പുതിയ പദ്ധതിയാക്കി അവതരിപ്പിക്കാനുള്ള മന്ത്രിമാരുടെ നീക്കങ്ങള്‍ക്കെതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. വരുന്ന നൂറ് ദിവസത്തേക്കുള്ള കര്‍മ്മ പരിപാടി തയ്യാറാക്കി നല്‍കണമെന്നും മോഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment